കൂത്തുപറമ്പില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി; രണ്ട് കുട്ടികളും മുങ്ങി മരിച്ചു


കൂത്തുപറമ്പ്: പന്ന്യോറയില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാവേലിമുക്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശിയായ ബുധാസിന്റെ ഭാര്യ ഖുശ്ബു (23) ആണ്‌ മക്കളെയുമെടുത്ത് കിണറ്റില്‍ ചാടിയത്.

ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നീ കുട്ടികളാണ് മരിച്ചത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയും ചേര്‍ന്ന് മൂന്ന് പേരെയും പുറത്തെടുത്ത് കൂത്തുപറമ്പ് ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ അപ്പോഴേക്കും മരിച്ചു.

അമ്മ ഖുശ്ബു ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.