സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ കേസ്; ഉമ്മ പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കി


പേരാമ്പ്ര: സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ ഇര്‍ഷാദിന്റെ ഉമ്മ കോഴിക്കുന്നുമ്മല്‍ വീട്ടില്‍ നഫീസ കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കി. സി.ആര്‍.പി.സി. 164 പ്രകാരമുള്ള രഹസ്യമൊഴിയാണ് പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) മുന്‍സിഫ് മജിസ്ട്രേറ്റ് പി.നിജീഷ് കുമാറിന് മുമ്പാകെ ഇന്നലെ വൈകീട്ട് നല്‍കിയത്. സീല്‍ചെയ്ത കവറില്‍ സൂക്ഷിക്കുന്ന മൊഴി കേസിന്റെ വിചാരണസമയത്ത് ഹാജരാക്കും.

അതേസമയം നേരത്തെ അറസ്റ്റിലായ മൂന്നുപേരെക്കൂടി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കഴിഞ്ഞദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മേപ്പാടി റിപ്പണ്‍ സ്വദേശികളായ നടുക്കകണ്ടി മുബഷീര്‍ (28), ചിറക്കല്‍ ഹിബാസ് (30), വൈത്തിരി അംബേദ്കര്‍ കോളനിയില്‍ ശക്തിവേല്‍ (38) എന്നിവരെയാണ് തെളിവെടുപ്പിനായി അന്വേഷകസംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്. കേസില്‍ പത്ത് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.

പ്രധാന പ്രതികളായ കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ്, നാലാംപ്രതി ഉനൈസ് എന്നിവരെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനായി പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

summary: the mother gave a confidential statement before the court regarding irshad’s case