ജീവിതശൈലി രോഗങ്ങള്‍ക്കുള്‍പ്പെടെ പരിശോധനാ സൗകര്യവും അത്യാവശ്യ മരുന്നും; വയോജനങ്ങള്‍ക്ക് ചികിത്സയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ യൂണിറ്റ് ഇന്ന് മുതല്‍ ഓരോ പ്രദേശത്തേക്കുമെത്തും


പേരാമ്പ്ര: വയോജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഓരോ പ്രദേശത്തും ഇനി ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ യൂണിറ്റെത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ 19.5 ലക്ഷംരൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അറുപത് വയസ്സ് കഴിഞ്ഞ, കിടപ്പ് രോഗികളല്ലാത്തവര്‍ക്കാണ് ചികിത്സ ലഭ്യമാക്കുക. ആദ്യ പരിശോധനയ്‌ക്കെത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് കൊണ്ടുപോകേണ്ടതാണ്. പി.എച്ച്.സികള്‍ ഉള്ള പ്രദേശം ഒഴിവാക്കി മറ്റിടങ്ങളിലെ പകല്‍വീട്, സര്‍ക്കാര്‍ ആശുപത്രി സബ് സെന്ററുകള്‍ എന്നിങ്ങനെയുള്ള സ്ഥലത്താണ് മെഡിക്കല്‍ യൂണിറ്റിന് പരിശോധന നടത്താന്‍ സൗകര്യമൊരുക്കുക.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആശാവര്‍ക്കര്‍മാരും അടങ്ങുന്ന സംഘം മുന്‍കൂട്ടി ഓരോ പ്രദേശത്തെയും വയോജനങ്ങളെ മെഡിക്കല്‍ യൂണിറ്റിന്റെ പരിശോധനവിവരം അറിയിക്കും. ബ്ലോക്ക് പഞ്ചായത്തംഗവും ഗ്രാമപ്പഞ്ചായത്തംഗവും ഓരോ പ്രദേശത്തെയും പരിശോധനയ്ക്ക് നേതൃത്വം നല്‍കും.

പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30-ന് പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിക്കും. ഇതിനുശേഷം പേരാമ്പ്ര പെന്‍ഷന്‍ ഭവനിലെ ഉദ്ഘാടനച്ചടങ്ങ് നടക്കും. തുടര്‍ന്ന് രോഗികളെ ആരോഗ്യസംഘം പരിശോധിക്കും. ഒരു ഡോക്ടറും നഴ്സുമാണ് മെഡിക്കല്‍ യൂണിറ്റിലുണ്ടാകുക. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിശോധനകളും നടക്കും. അത്യാവശ്യമുള്ള മരുന്നും നല്‍കും.

summary: the mobile medical unit of perambra block panchayath will start reaching the areas from today