ഇത്തവണത്തെ ഓണം അടിച്ച് പൊളിക്കാനാണോ തീരുമാനം, എന്നാല്‍ പിന്നെ എന്തിനാലോചിക്കണം, നേരെ കരിയാത്തും പാറയിലേക്ക് വിടാം; ‘തോണിക്കാഴ്ച്ച 2022’- ഒരുയാത്രയോടൊപ്പം മനോഹരമായ ഓണാഘോഷ പരിപാടിയും തകര്‍പ്പന്‍ ഫുഡും, പിന്നെന്ത് വേണം!
ബാലുശ്ശേരി: കരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ പറഞ്ഞു. കോവിഡ് കവര്‍ന്ന ഓണത്തിനിപ്പുറം ഒരു പുത്തന്‍ ഓണക്കാലം വരവായി. ഇത്തവണത്തെ ഓണം കഴിഞ്ഞ കാലത്തെ ആഘോഷങ്ങളെത്തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തോണിക്കടവിലെ ഓണാഘോഷത്തില്‍ പങ്കാളികളാവാം.
ടൂറിസം സെന്ററിനെ പുറംലോകം അറിയുക എന്ന ലക്ഷ്യത്തോടെ ‘തോണിക്കാഴ്ച്ച 2022’ എന്ന പേരിലാണ് പരിപാടി നടത്തുക. സെപ്റ്റംബര്‍ ആറ്, ഏഴ് തിയതികളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ ഏഴ് വരെ പ്രശസ്ത സിനിമ, ടി.വി താരങ്ങളെ ഉള്‍പ്പെടുത്തി കലാവിരുന്ന് നടത്തും.
നിര്‍മ്മല്‍ പാലാഴി, ദേവരാജന്‍ ടീമിന്റെ കോമഡി ഷോ, പട്ടുറമാല്‍ ഫെയിം ശ്യാംലാല്‍, അനീഷ് റഹ്‌മാന്‍, അമൃത ടി.വി സൂപ്പര്‍ ടോപ്പപ്പ് ഫെയിം റാസിക് റഹ്‌മാന്‍ എന്നിവര്‍ നയിക്കുന്ന ദൃശ്യശ്രവ്യ വിരുന്നും ഉണ്ടായിരിക്കും.
പരിപാടിയുടെ ഭാഗമായി റിസര്‍വോയറില്‍ നിന്നുള്ള ലൈവ് ഫിഷ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിപണന മേളയും ഒരുക്കും. ഇവിടെ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വിശാലമായ ആംഫി തീയേറ്ററോടു കൂടി നിര്‍മിച്ച ടൂറിസം സെന്റര്‍ 2021 ഒസക്ടോബറില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭ്യമാണ്.
എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
summary: the mla sachin dev said that a grand onam celebration program will be organized at the kariyathumpara and thonikkadavu