‘തൃശ്ശൂരിലെ ജോണ്‍മത്തായി സെന്ററിന്റെ മാതൃകയില്‍ മികച്ച കേന്ദ്രമായി പേരാമ്പ്രയെ മാറ്റും, ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് അഞ്ചുവര്‍ഷ കോഴ്സ് തുടങ്ങും’; കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജണല്‍ സെന്ററിന് കെട്ടിടംനിര്‍മിക്കാന്‍ ഭൂമി കൈമാറി


പേരാമ്പ്ര: കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജണല്‍ സെന്ററിന് കെട്ടിടംനിര്‍മിക്കാന്‍ ജനകീയ കൂട്ടായ്മയില്‍ വാങ്ങിയ അഞ്ചേക്കര്‍ ഭൂമി കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദുവില്‍ നിന്നും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് രേഖ ഏറ്റുവാങ്ങി.

ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണനനല്‍കി കേരളത്തെ നവവൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്തെ വികസനത്തിനായി 1500 കോടിരൂപ ബജറ്റില്‍ ഇത്തവണ വകയിരുത്തി. രണ്ടുവര്‍ഷത്തിനുള്ളില്‍ 2000 കോടിയുടെ നിര്‍മാണപ്രവൃത്തികള്‍ കലാലയങ്ങളിലും സര്‍വകലാശാലകളിലുമായി നടത്താനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരിലെ ജോണ്‍മത്തായി സെന്ററിന്റെ മാതൃകയില്‍ മികച്ച കേന്ദ്രമാക്കി പേരാമ്പ്രയെ മാറ്റുമെന്നും ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് അഞ്ചുവര്‍ഷ കോഴ്സ് പേരാമ്പ്ര സെന്ററില്‍ തുടങ്ങുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

കൂടാതെ അനുബന്ധമായി കൂടുതല്‍ കോഴ്സുകള്‍ തുടങ്ങാനുമാകും. യൂണിവേഴ്‌സിറ്റി രണ്ട് റീജണല്‍ സെന്ററുകള്‍ക്കായി ആറുകോടിരൂപ നീക്കിവെച്ചിട്ടുണ്ട്. ഇതുപയോഗിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ 15 ക്ലാസ് മുറി, ഓഡിറോറ്റിയം, ഓഫീസ് എന്നിവയടങ്ങിയ കെട്ടിടം നിര്‍മിക്കാനാകുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി. സെല്‍ഫ് ഫൈനാന്‍സിങ് കോഴ്സ് വിഭാഗം ഡയറക്ടര്‍ ഡോ.എ യൂസഫ്, സ്വാഗതസംഘം കണ്‍വീനര്‍ എ.കെ തറുവയി ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, സിന്‍ഡിക്കേറ്റംഗം കെ.കെ ഹനീഫ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അക്ഷയ് മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എന്‍ ശാരദ, കെ.ടി രാജന്‍, വി.കെ പ്രമോദ്, സി.കെ ശശി, ടി.പി ദാമോദരന്‍, സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.എം രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, രജിസ്ട്രാര്‍ ഡോ.ഇ.കെ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

summary: The minister handed over the land for construction of the building to Calicut University Perambra Centre