കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായി; ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്


പേരാമ്പ്ര: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ ദുബൈയില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റഡിയില്‍വെച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ജസീലായിരുന്നു.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍, നാട്ടിലെത്തിയ ഇര്‍ഷാദ് സ്വര്‍ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വര്‍ണം നഷ്ടപ്പെട്ടതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടങ്കലിലാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സ്വാലിഹ് നാട്ടിലെത്തിയതും ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസ് കണ്ടെത്തല്‍.

കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇര്‍ഷാദിനെ മര്‍ദിച്ച് അവശനാക്കി കിടത്തിയ ഫോട്ടോ സ്വര്‍ണകടത്ത് സംഘം ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇര്‍ഷാദിന്റെ കൈവശമുള്ള സ്വര്‍ണം തന്നില്ലെങ്കില്‍ അവനെ വധിക്കുമെന്ന ഭീഷണി സന്ദേശവും സഹോദരന് വന്നിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ പെരുവെണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂലൈ 15ന് പുറക്കാട്ടിരി പാലത്തില്‍ നിന്നും ഇര്‍ഷാദ് പുഴയിലേക്ക് ചാടിയെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂലൈ 17ന് തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്നും ലഭിച്ച മൃതശരീരം ഇര്‍ഷാദിന്റേതാവാമെന്ന് സംശയിക്കുന്നതും ഡി.എന്‍.എ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചതും.