വെള്ളമെത്തിയത് രണ്ട് ദിവസം മാത്രം, മുന്നറിയിപ്പില്ലാതെ കനാല്‍ അടച്ചു; ജലസേചന വകുപ്പ് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി വേളം പഞ്ചായത്ത്


വേളം: കനാലിലെ വെള്ളം വേളം പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും ആവശ്യാനുസരണം തുറന്ന് വിട്ടില്ലെന്നാരോപിച്ച് പ്രസിഡന്റുള്‍പ്പെടെയുള്ള പഞ്ചായത്തംഗങ്ങള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചു. ഇന്ന് രാവിലെ പേരാമ്പ്ര ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നില്‍ നടന്ന ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് 23 ന് തുറന്ന കനാല്‍ 25ഓടെയാണ് കനാല്‍ അടച്ചത്. വെള്ളം എല്ലാഭാഗത്തേക്കും എത്തുന്നതിന് മുന്‍പേ യാതൊരു മുന്നറിയിപ്പുമില്ലാതെ അടക്കുകയായിരുന്നെന്നും ഇതേ തുടര്‍ന്ന് ശാന്തിനഗര്‍, പെരുവയല്‍, ചേരാപുരം ഭാഗങ്ങളിലുള്ള ജനങ്ങള്‍ കൃഷിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വെള്ളമില്ലാതെ വലയുന്ന അവസ്ഥയിലാണെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

വിത്തിട്ടതായും ഇപ്പോള്‍ വെള്ളം തുറന്ന് വിട്ടാല്‍ അത് ചീഞ്ഞ് നശിക്കുമെന്നും രാത്രിയില്‍ ഒരു കര്‍ഷകന്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് വിസിറ്റ് നടത്തിയ ശേഷമാണ് കനാല്‍ അടച്ചതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍‌ ജലസേചന വകുപ്പില്‍ നിന്ന് ലഭിച്ച വിവരമെന്നും. ഈ നീക്കം സംബന്ധിച്ച് കൃഷിയോഫീസറോ കര്‍ഷകരോ ജനപ്രതിനിധികളോ പഞ്ചായത്ത് അധികൃതരോ ആയി യാതൊരു വിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ വടകര ഡോട് ന്യൂസിനോട് വ്യക്തമാക്കി.

കൃഷിയോഫീസറും ജനപ്രതിനിധികളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് വെള്ളം തുറന്ന് വിടാന്‍ മാര്‍ച്ച് 23 എന്ന ദിവസം നിശ്ചയിച്ചത്. കൊയ്ത്തൊക്കെ അതിനനുസരിച്ച് ക്രമീകരിക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കാത്തതോ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അറിയാത്തതോ ആയ കര്‍ഷകനായിരിക്കാം കനാല്‍ അടക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് നയീമ കുളമുള്ളതില്‍ അഭിപ്രായപ്പെട്ടു.

വേളത്തേക്ക് ഇനിയെപ്പോള്‍ വെള്ളം തുറന്ന് വിടാനാകുമെന്ന് അന്വേഷിച്ചപ്പോള്‍ മറ്റ് പഞ്ചായത്തുകളില്‍ ജലവിതരണം നടക്കുകയാണെന്നും വേളത്ത് എപ്പോള്‍ വെള്ളമെത്തിക്കാന്‍ സാധിക്കുമെന്ന് പറയാനാകില്ലെന്നുമുള്ള ഒട്ടും തൃപ്തികരമല്ലാത്ത മറുപടിയാണ് ജലസേചന വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അവര്‍ പറഞ്ഞു.

ഇന്ന് നടന്ന ധര്‍ണയില്‍ ശക്തമായി പ്രതിഷേധമറിയിച്ചതിന് പിന്നാലെ വ്യാഴാഴ്ചയോടെ വേളത്ത് എല്ലാഭാഗങ്ങളിലും വെള്ളമെത്തിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ വാക്ക് തന്നതായി നയീമ കുളമുള്ളതില്‍ വ്യക്തമാക്കി. ഒരാഴ്ച വരെ കനാല്‍ തുറന്ന് തരണമെന്ന പഞ്ചായത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതായും നയീമ പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ വേളത്തേക്കുള്ള വെള്ളമൊഴുക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് പ്രദേശത്തുള്ള കര്‍ഷകരും കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങളും .

ധര്‍ണയില്‍ വൈസ് പ്രസിഡന്റ് കെ.സി.ബാബു അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമ മലയില്‍ സ്വാഗതമാശംസിച്ച പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഭിവാദ്യമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ എം.സി മൊയ്തു, പി.പി.ചന്ദ്രന്‍ മാസ്റ്റര്‍, സിത്താര.കെസി, കെ.കെ.ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.