ബോക്സോഫീസ് കീഴടക്കി പ്രഭാസിന്റെ കല്‍ക്കി, മലയാളത്തിലേക്ക് മൊഴി മാറ്റിയത് കോഴിക്കോട്ടുകാരി നീരജ; അഭിമാനം..!


ബോക്സോഫീസിൽ തരം​ഗം സൃഷ്ടിച്ച് മുന്നേറുകയാണ് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 289 എഡി. ‘കൽക്കി’യുടെ മലയാള മൊഴിമാറ്റ സംഭാഷണങ്ങളെഴുതിയത് നീരജ അരുണാണ്. നീരജ കോഴിക്കോട്ടുകാരിയാണെന്നതാണ് മലയാള സിനിമാ പ്രേഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ആസ്വദിച്ചാണ് നീരജ മൊഴിമാറ്റ ജോലി ചെയ്യുന്നത്. അഞ്ചു വർഷമായി നീരജ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തിരക്കഥ എഴുതുന്ന അതേ ബുദ്ധിമുട്ട് തന്നെയുണ്ട് മൊഴിമാറ്റ സംഭാഷണങ്ങളെഴുതാനും അന്യഭാഷാ ചിത്രമാണ് കാണുന്നതെന്ന് പ്രേക്ഷകന് മനസിലാകരുതെന്നതാണ് ഈ ജോലിയിലെ പ്രധാന വെല്ലുവിളിയെന്ന് നീരജ പറയുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാചിത്രങ്ങളാണ് നീരജ മലയാളത്തിലേക്ക് മൊഴിമാറ്റുന്നത്. കുഷി, സലാർ, കൂടാതെ കന്നഡയിൽ ‘യുവ’ പോലുള്ള ചിത്രങ്ങളും മൊഴിമാറ്റിയിരുന്നു. മറ്റുചിത്രങ്ങളിലെ പ്രവർത്തനപരിചയം കണ്ടിട്ടാണ് വൈജയന്തി മൂവീസിൽനിന്ന് ‘കൽക്കി’യുടെ മലയാളം ചെയ്യാൻ നീരജയെ ബന്ധപ്പെടുന്നത്.ആദ്യം ഹൈദരാബാദിലേക്ക് സിനിമ കാണാൻ വിളിച്ചു. അതിനുശേഷം വന്ന സംശയങ്ങളൊക്കെ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടാണ് മലയാള പരിഭാഷ എഴുതാൻ തുടങ്ങിയത്. കൽക്കിയുടെ കാര്യമെടുത്താൽ തനിക്ക് കിട്ടിയത് ഒരു ഗ്രീൻ മാറ്റിന് മുന്നിൽ നിന്നുള്ള അഭിനേതാക്കളുടെ പ്രകടനമാണ്. അതിലുള്ള വോയിസ് കേട്ടാണ് എഴുതിയത്.

കഴിഞ്ഞ 19 വർഷമായി നീരജ ഒരു ബിസിനസ് കോച്ചാണ്. സ്കിൽ ‍ഡവലപ്മെന്റ് ട്രെയിനറും മെന്റൽ ഹെൽത്ത് പ്രഫഷനലുമാണ്. സൈക്കോ തെറാപ്പി, എനർജി ഹീലിങ് പോലുള്ള സർവീസസും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെ ആറു ഭാഷകൾ നന്നായി കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസം നീരജയ്ക്കുണ്ട് . ഇത് തന്നെയാണ് ഇവരുടെ വിജയവും. വെബ് സീരീസിനുവേണ്ടി സ്വന്തമായി സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. കൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. നീരജ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.