ഇരുനില കെട്ടിടത്തിന് വിള്ളല്‍, പൊളിഞ്ഞുവീഴാന്‍ സാധ്യത; വടകര മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന റോഡ് അടച്ചു


വടകര: വടകര മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന റോഡ് അടച്ചു. റോഡിന് സമീപത്തെ രണ്ടു നില കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് നടപടി. താഴെ അങ്ങാടി ചക്കരത്തെരു കാലിച്ചാക്ക് ബസാറിലെ കെട്ടിടമാണ് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായത്. ഇന്ന് രാവിലെ കെട്ടിടത്തിന്റെ ഒരു വശത്ത് വിള്ളല്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകസാധ്യത കണക്കിലെടുത്ത് റോഡ് അടച്ചത്.

കാലിച്ചാക്ക് കച്ചവടം നടക്കുന്ന കെട്ടിടത്തില്‍ നേരത്തെ വിള്ളല്‍ വീണിരുന്നു. എന്നാല്‍ ഇന്നാണ് കൂടുതല്‍ ഭാഗത്ത് വിള്ളല്‍ വീണത് കണ്ടത്. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ റൈഹാനത്തിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി അധികൃതരും പോലീസും സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് റോഡ് അടക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

ഈ വഴിയുള്ള കാല്‍നട യാത്രയും വാഹനഗതാഗതവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേരാണ് ദിനം പ്രതി ഈ വഴി കടന്നു പോവുന്നത്. മാത്രമല്ല മുനിസിപ്പാലിറ്റിയിലേക്ക് എളുപ്പത്തില്‍ എത്താവുന്ന വഴി കൂടിയാണിത്.

കെട്ടിടത്തിന് വര്‍ഷങ്ങളുടെ കാലപ്പഴക്കം ഉണ്ടെന്നും പ്രശ്‌നം കെട്ടിട ഉടമകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ഡ് കൗസിലര്‍ റൈഹാനത്ത് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നിലവില്‍ കച്ചവടം നടക്കുന്ന കെട്ടിടമാണെന്നും, ഏത് സമയത്തും കെട്ടിടം വീഴാമെന്നും അതുകൊണ്ടുതന്നെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു.