ദേശീയ പാതയിൽ മൂരാടിലെയും കണ്ണൂക്കരയിലേയും മണ്ണിടിച്ചിൽ; നഷ്ടം ഒരു കോടിയോളം രൂപ
വടകര: ദേശീയ പാതയിലെ മൂരാട്, കണ്ണൂക്കര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിൽ നഷ്ടം ഒരു കോടിയോളം രൂപ. കണ്ണൂക്കരയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. മൂരാടിൽ പാർശ്വഭിത്തിസംരക്ഷണത്തിന് സോയിൽ നെയിലിങ് ആരംഭിച്ച ശേഷവുമാണ് മണ്ണിടിഞ്ഞത്. മൂരാട് ഇടിയാൻ പാകത്തിൽ വലിയൊരുഭാഗം ഭിത്തി ഇപ്പോഴും നിൽക്കുന്നുണ്ട്.
ഇതിന്റെ മുകളിൽ വൈദ്യുതത്തൂണുകളുമുണ്ട്. നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചതാണിത്. മണ്ണി ടിച്ചിലുണ്ടായാൽ തൂൺ ഇവിടെ നിൽക്കില്ലെന്ന് മുൻകൂട്ടി കാണാൻ ഉദ്യോഗസ്ഥർക്കായില്ല. അതിനാൽ ഒരു തൂൺ താഴേക്ക് പതിച്ചു. മറ്റുള്ളവയെല്ലാം ഏത് നിമിഷവും വീഴുമെന്ന അവസ്ഥയിലാണുള്ളത്. എല്ലാ തൂണുംമാറ്റി ഇ കേബിൾ സ്ഥാപിക്കാൻ ഇനി 30 ലക്ഷത്തോളം രൂപ അധികച്ചെലവ് വരും .
മേലെ കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണതിന് സമീപത്തെ വീടുകൾ അപകടഭീതിയിലാണുള്ളത്. ഈ വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ സർക്കാരിലേക്ക് ശുപാർശ നൽകാനൊരുങ്ങാനാണ് കഴിഞ്ഞ ദിവസം ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലെ തീരുമാനം. 4 ഓളം വീടുകളാണ് ഇവിടെയുള്ളത്. ഈ വീടുകൾ നിൽക്കുന്ന സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക.