അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ച് നീക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റികളെയും, ജില്ലാ കളക്ടർമാരെയും ചുമതലപ്പെടുത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് ജില്ലാതല ട്രീ കമ്മിറ്റികൾക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റികളെയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം അത് ജില്ലാ കളക്ടർമാരെയും, അധികാരപ്പെടുത്തിയതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകട ഭീഷണി ഉയർത്തുന്ന കാരണത്താലും ,വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയും മരം മുറിക്കുന്നതിന് നേരിടുന്ന തടസ്സങ്ങൾ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമായി കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മത് കുട്ടി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.
മരങ്ങൾ ലേലം ചെയ്യപ്പെടാതെ നശിക്കുന്നത് വഴി സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ,ഈ നഷ്ടം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ശ്രദ്ധ ക്ഷണിക്കലിലൂടെ നിയമസഭയിൽ അറിയിച്ചു. ഇതിന് മറുപടിയായി മരം മുറിക്കൽ വാല്യൂഷേൻ അനുമതി-പഞ്ചായത്ത് തലത്തിൽ അധികാരം നൽകുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അപേക്ഷ ജില്ലാതല ട്രീ കമ്മിറ്റി പരിശോധന നടത്തി മരം മുറിക്കുവാൻ അനുമതി നൽകി വരുന്നുണ്ട് പൊതുസ്ഥലങ്ങളിൽ നിന്ന് മുറിച്ചുമാറ്റേണ്ട നിൽപ്പ് മരങ്ങളുടെ വില നിശ്ചയിക്കൽ വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗമാണ് ചെയ്തു നൽകുന്നത്.
മരങ്ങളുടെ വാല്യൂഷൻ നടത്തുന്നതിന് പഞ്ചായത്ത് തലത്തിൽ അധികാരം നൽകുന്നതിന് നിലവിലെ നിയമവ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും വിഷയവുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ധരെയും ബന്ധപ്പെട്ട വകുപ്പുകളെയും ചേർത്ത് ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ച് ശാസ്ത്രീയമായി പഠനം നടത്തി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നതാണെന്നും മന്ത്രി അറിയിച്ചു.