വരുമാന സർട്ടിഫിക്കറ്റ് ഇനിയും സമർപ്പിച്ചില്ലേ? ക്ഷേമ പെൻഷൻ നഷ്ടപ്പെടാം, അവസാന തിയ്യതി ഇന്ന്
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ക്ഷേമപെന്‍ഷനുകള്‍ ലഭ്യമാകില്ല. അതോടൊപ്പം നാളെ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടുമെങ്കിലും കുടിശ്ശിക തുക ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം 2022 സെപ്റ്റംബറില്‍ തന്നെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനുകളാണ് മുടങ്ങുക. പത്തുലക്ഷത്തോളം ആളുകള്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന് അര്‍ഹതയുള്ള 40.91 ലക്ഷം പേരില്‍ 30.71 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്.