വിത്തുതേങ്ങ സംഭരണം, കർഷകർക്ക് അർഹമായ തുക അടിയന്തിരമായി നൽകണം; കൃഷിമന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എംഎല്‍എ


കുറ്റ്യാടി: വിത്ത് തേങ്ങാ സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, തേങ്ങയുടെ വിലയിടിവ് കാരണം ബുദ്ധിമുട്ടുന്ന കേരകര്‍ഷര്‍ക്ക് സംഭരണത്തിന്റെ ഭാഗമായുള്ള തുക അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൃഷിമന്ത്രി പി.പ്രസാദിന് കത്തയച്ച് കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍.

കുറ്റ്യാടി തേങ്ങ ഏറെ ഖ്യാതിയുള്ള നാളികേര ഇനമാണെങ്കിലും നിലവിലെ തേങ്ങയുടെ തുടര്‍ച്ചയായ വിലയിടിവ് കുറ്റ്യാടി മേഖലയിലെ കേരകർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ അവസ്ഥയില്‍ പ്രദേശത്തെ ഒരു വിഭാഗം നാളികേര കർഷകർക്കെങ്കിലും സംസ്ഥാന സർക്കാറിന്റെ വിത്തുതേങ്ങ സംഭരണം നിലവില്‍ ഏറെ ആശ്വാസമാവുന്നുണ്ട്.

ഈ വർഷം കുറ്റ്യാടി മേഖലയില്‍ 12 ലക്ഷം വിത്തുതേങ്ങയാണ് എടുക്കാനുള്ളത്. ഇതിൽ 520021 തേങ്ങ മാർച്ചിനുള്ളിൽ തന്നെ സംഭരിച്ചുകഴിഞ്ഞു. സംഭരണത്തിന്റെ ഭാഗമായി നിരവധി കർഷകർക്ക് തുക നൽകി കഴിഞ്ഞെങ്കിലും 350ഓളം കര്‍ഷകര്‍ക്ക് കൂടി അര്‍ഹതപ്പെട്ട തുക ലഭിക്കാനുണ്ട്.

വിവിധ കേരകർഷകർ ഈ വിഷയം അറിയിച്ച സാഹചര്യത്തിലാണ് കുറ്റ്യാടി എംഎല്‍എ വിത്ത് തേങ്ങാ സംഭരണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ നിലവിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനായി കൃഷിമന്ത്രിക്ക് കത്തയച്ചത്.