സമീപത്ത് തേങ്ങ വീണതോടെ പത്തിയുയർത്തി രാജവെമ്പാല; കായക്കൊടി കണയോങ്കോടു നിന്ന് പത്തടി നീളവും 23 കിലോ തൂക്കവുമുള്ള പാമ്പിനെ പിടികൂടി
കുറ്റ്യാടി: ആളൊഴിഞ്ഞ പറമ്പിൽ തേങ്ങാ ഇടാൻ വന്നവരുടെ മുൻപിൽ പത്തിപൊക്കി രാജവെമ്പാല. കുറ്റ്യാടി കായക്കൊടി കണയോങ്കോടു നിന്നാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടിയത്.
പള്ളിയറത്തൊടിയിൽ ആൾപാർപ്പില്ലാത്ത പറമ്പിൽ തേങ്ങയിടുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. സമീപം തേങ്ങ വീണതോടെ പാമ്പ് പത്തിയുയർത്തുകയായിരുന്നു. ഒടുവിൽ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പത്തടി നീളവും 23 കിലോ തൂക്കവുമുള്ള പാമ്പിനെയാണ് പിടിച്ചെടുത്തത്.
കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ വാച്ചറും പാമ്പുപിടുത്തകാരനുമായ ടി.കെ.വി. ഫൈസൽ, അനുജൻ ഹകീം എന്നിവർ ചേർന്നാണ് പാമ്പിനെ പിടിച്ചത്. പിന്നീട് ഫോറസ്റ്റർ കെ.കെ. അമ്മദിന്റെ നേതൃത്വത്തിൽ പാമ്പിനെ കുറ്റ്യാടി റേഞ്ച് ഓഫിസിൽ എത്തിക്കുകയായിരുന്നു.