കുടിവെള്ളം ഇല്ലെന്ന പരാതിക്ക് വിട നൽകാം… തുറയൂരിലെ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും


തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിന്റെ നീറുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി എല്ലാ വീടുകൾക്കും കുടിവെള്ളം സമ്മാനിച്ച തുറയൂരിന്‍റെ സ്വപ്ന പദ്ധതിയായ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും. 10-ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരിച്ചു.

യോഗം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. 201 പേർ അടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറായി എം.പി.ഷിബു, സ്വാഗതസംഘം ചെയർമാൻ സി.കെ.ഗിരീഷ്, ട്രഷറർ ശ്രീജ മാവുള്ളാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം.രാമകൃഷ്ണൻ, ദിപിന, മെമ്പർമാരായ നൗഷാദ് മാസ്റ്റർ കുട്ടികൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി.ഷിബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, കെ ഡബ്ലിയു എ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ സ്വാഗതവും ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സബിൻ രാജ് നന്ദിയും പറഞ്ഞു.

Summary: The Jaljeevan drinking water project in Thurayur will be inagurate in January