മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകൾ വടകരയിൽ ഒന്നിച്ചു, മുൻസിപ്പൽ പാർക്കിൽ ഇംതിയാസ് ബീ​ഗത്തിന്റെ ​ഗസൽ മഴ പെയ്തിറങ്ങി; അന്താരാഷ്ട്ര പുസ്തകോത്സവം ‘വ’ സമാപിച്ചു


വടകര: വടകര മുനിസിപ്പൽ പാർക്കിൽ നടന്നു വന്ന അന്താരാഷ്ട്ര പുസ്തകോത്സവം ‘വ’ സമാപിച്ചു. ഫെസ്റ്റിൽ ഇന്നലെ വൈകീട്ട് ‘മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകളായ സുബാഷ് ചന്ദ്രൻ, എം. മുകുന്ദൻ എന്നിവർക്ക് ആദരം നൽകി. സാഹിത്യമെന്നത് വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങലാണ്. സർഗാത്മകതയാണ് എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഏക വ്യത്യാസം. ഒരു സാഹിത്യകൃതി വായിച്ച് ഒരാളും ചീത്തയാകുന്നില്ല. എഴുത്ത് അനുകരിക്കുകയല്ല അത് അനുഭവിക്കുകയാണ് വായനക്കാരൻ ചെയ്യേണ്ടതെന്ന് പരിപാടിയിൽ മുകുന്ദൻ പറഞ്ഞു.

എഴുത്തുകാരന് ഉള്ളിൽനിന്ന് അത്രമേൽ സഹജമായ ഒന്ന് ആവിർഭവിക്കുമ്പോഴാണ് ഒരു സാഹിത്യം പിറക്കുന്നത്. എഴുത്തുകാരനെക്കൂടി അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഒരു പുഷ്പം വിടർന്നുവരുന്നപോലെ ഒന്നായിരിക്കും ആ സാഹിത്യം.പോപ്പുലർ ഫിക്‌ഷനുകളാണ് വായനയെ വലിയൊരളവുവരെ പ്രോത്സാഹിപ്പിക്കുന്നത്. മിക്ക ആളുകളും വായനയുടെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്നത് ഇത്തരം ഫിക്‌ഷനുകളിലൂടെയാണെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

സുഭാഷ് ചന്ദ്രൻ, എം. മുകുന്ദൻ എന്നിവർ പങ്കെടുത്ത വൈകുന്നേരത്തെ സംവാദ സെക്ഷനിൽ ലിജീഷ് കുമാർ മോഡറേറ്ററായി. ഇംതിയാസ് ബീഗത്തിന്റെ ഗസൽ രാവോടുകൂടിയാണ് ഫെസ്റ്റിന്‌ സമാപനമായത്. മുൻസിപ്പൽ പാർക്കിലെത്തിയവരുടെയെല്ലാം മനസുകളിൽ ബീ​ഗത്തിന്റെ ​ഗസൽ പുതുമഴ പെയ്ത അനുഭൂതി തീർത്തു. വടകരയ്ക്ക് വേറിട്ട അനുഭവമായിരുന്നു വ ഫെസ്റ്റ്.

Description: Imtiaz Begum’s ghazal rains in the municipal park; The International Book Festival ‘Va’ has concluded