കൊയിലാണ്ടി കീഴരിയൂരിലെ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 240 ലിറ്റർ വാഷ്; പരിശോധന നടത്തിയത് എക്‌സൈസ് സംഘം


കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ ഐസക്കും പാർട്ടിയുമാണ് കല്ലങ്കി മേഖലയിൽ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ കാടുകൾക്കുള്ളിൽ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പരിശോധനയിൽ എ.ഇ.ഐ (ഗ്രേഡ്) പി.സി.ബാബു, സി.ഇ.ഒ എ.കെ.രതീഷ്, ഡബ്ല്യു.സി.ഇ.ഒ എം.എ.ശ്രീജില, സി.ഇ.ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.