ജനകീയകൂട്ടായ്മയുടെ പരിശ്രമത്തിന് ഫലം, ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഇരുന്നൂറ്റന്‍പതോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരവും ആവളപാണ്ടിയിലെ കര്‍ഷകര്‍ക്ക് ഗുണകരവും; ഓട്ടുവയല്‍-കാരയില്‍നട-കുറൂരക്കടവ് കനാല്‍റോഡിനായി സര്‍വേ തുടങ്ങി


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓട്ടുവയല്‍ കാരയില്‍നടവഴി കുറൂരക്കടവിലേക്കുള്ള കനാല്‍പാതയിലൂടെ റോഡ് നിര്‍മിക്കുന്നതിന് പ്രാരംഭപ്രവൃത്തികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യൂ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി പരിശോധന നടത്തി. മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ വിശദമായ സര്‍വേ നടക്കും. കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള സ്ഥലമാണിത്. കനാല്‍ വെള്ളമെത്താത്തതിനെത്തുടര്‍ന്ന് നികന്ന് ചെമ്മണ്‍ റോഡ് ആവുകയായിരുന്നു. ഇതില്‍ കനാലിനുള്ള സ്ഥലം ഒഴിവാക്കി ശേഷിച്ച സ്ഥലത്തുകൂടി റോഡ് നിര്‍മിക്കുന്നതാണ് പരിഗണിക്കുന്നത്.

പദ്ധതി നിലവില്‍ വരുന്നതോടെ കനാല്‍ റോഡ് പരിസരത്തെ 250 ഓളം കുടുംബങ്ങളിടെയാത്രാദുരിതത്തിനും പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എട്ട്, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്. നല്ല റോഡില്ലാത്തതിനാല്‍ പാതയുടെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ ഏറെക്കാലമായി യാത്രാപ്രശ്‌നം നേരിടുകയാണ്. മഴക്കാലത്ത് ചളിക്കുളമാകുന്നതോടെ കാല്‍നടപോലും ദുസ്സഹമാണ്.

റോഡ് നിലവില്‍ വരുന്നതോടെ ആവളപാണ്ടിയിലെ നെല്‍പ്പാടത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ഏറെ ഗുണകരമാവും. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറിയാല്‍ മാത്രമേ റോഡിന്റെ തുടര്‍നടപടികള്‍ നടത്താനാകൂ. രണ്ടു കോടിയോളം രൂപ റോഡ് നിര്‍മിക്കാന്‍ ചെലവ് വരുമെന്നാണ് ഏകദേശക്കണക്ക്.

ഇവിടെ കനാല്‍ റോഡ് നിര്‍മിക്കുന്നതിനായി കമ്മിറ്റിയുണ്ടാക്കി നേരത്തെതന്നെ നാട്ടുകാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വാട്സാപ്പ് കൂട്ടായ്മ രൂപവത്കരിച്ച് രംഗത്തെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എ.കെ ഉമ്മര്‍, എം.എം രഘുനാഥ്, പി.മോനിഷ, കെ.എം. ബിജിഷ തുടങ്ങിയവരും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.

summary: the initial works for construction of the road along the canal route have started at Cheruvannur