വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്.
ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍ പാലത്തിന് സമീപം കണ്ടെത്തുക യായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് സാദത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചതാണെന്ന് പൊലീസിന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് ഏഴുകുടിക്കല്‍ ഭാഗത്തുള്ള മനീഷ്, മിഥുന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മനീഷും മിഥുനും ചേര്‍ന്ന് സാദത്തിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച താണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊയിലാണ്ടി എസ്.എച്ച്.ഒ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ മനോജ്, ഗിരീഷ് കെ.പി എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പ്രതികളിലേക്കെത്താന്‍ സഹായകമായത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിച്ചത്.