കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക എങ്ങനെ കാരവാനിൻറെ ഉള്ളിലേക്ക് കയറി, വിശദ പരിശോധനയ്ക്ക് എൻഐടി സംഘം


വടകര: കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കോഴിക്കോട് എൻഐടി സംഘം കാരവനിൽ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും. മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത്‌ വീട്ടിൽ മനോജ് കുമാർ , കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരായിുന്നു മരിച്ചത്.

കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജനറേറ്ററിൽ നിന്നാണ് വിഷപ്പുക എത്തിയതെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിൻറെ ഉള്ളിലേക്ക് എത്തിയെന്നത് കണ്ടെത്താനായാണ് എൻ ഐ ടി സംഘം വിശദമായ പരിശോധന നടത്തുന്നത്. വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കം എൻഐടി സംഘം അധികൃതർക്ക് കൈമാറും.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തനുള്ളിൽ വിശ്രമിച്ചു. തിങ്കളാഴ്ച രാത്രി തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ വടകരയിലെ സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോഴാണ് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.