ജോലി വാഗ്ദാനം ചെയ്ത് വടകര സ്വദേശികളെ തട്ടിപ്പിനിരയാക്കിയ സംഭവം; ഏജൻസി യുവാക്കളെ കൈമാറിയത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കമ്പനിക്ക്, മണിയൂർ സ്വദേശി ഉൾപ്പടെയുള്ളവർക്കെതിരെ പോലിസ് കേസെടുത്തു
വടകര: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികളെ സ്വകാര്യ ഏജൻസി കൈമാറിയത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കമ്പനിക്ക്. തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനത്തിന് തങ്ങളെ വിൽപന നടത്തിയെന്നുമുള്ള യുവാക്കളുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. മണിയൂർ സ്വദേശി അനുരാഗ് (24), പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷാ (25) എന്നിവർക്കെതിരെയാണ് കേസെടുത്തത്. തട്ടിപ്പിനിരയായവരുടെ മൊഴി കോഴിക്കോട് റൂറൽ പൊലീസ് വീണ്ടും രേഖപ്പെടുത്തി.
തായ്ലൻഡിലെ സെയിൽസ് ആൻഡ് അഡ്വർട്ടൈസിങ് കമ്പനിയിൽ വൻ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വടകര മണിയൂർ സ്വദേശികളായ അനുരാഗ്, അതിരാഥ്, മുഹമ്മദ് റസിൽ, പാലക്കാട് പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷാ എന്നിവരടങ്ങുന്ന സംഘമാണ് യുവാക്കളെ ബാങ്കോക്കിലെത്തിച്ചത്. പിന്നീട് ഇവിടുന്ന് കംബോഡിയ അതിർത്തിയായ പോയ് പെറ്റിലെ കമ്പനിയിലെത്തി. ഇവിടെ ഇവരെ നിയോഗിച്ചത് ഇന്ത്യക്കാരടക്കമുള്ളവരെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയാക്കാനായിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കമ്പനിയാണെന്ന് മനസ്സിലായതോടെ ഈ ജോലി ചെയ്യില്ലെന്ന് യുവാക്കൾ പറഞ്ഞു. ഇതോടെ ഉപദ്രവിക്കാൻ തുടങ്ങി. ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെത്തിച്ചവർ ഓരോരുത്തരെയും രണ്ടരലക്ഷം രൂപ തോതിൽ വാങ്ങി കമ്പനിക്ക് വിൽക്കുകയായിരുന്നു. മർദനമടക്കമുള്ള കാര്യങ്ങൾ ഏജൻസിയോട് പറഞ്ഞപ്പോഴാണ് തങ്ങളെ വിറ്റ് പണം വാങ്ങിയ കാര്യം അറിഞ്ഞതെന്ന് യുവാക്കൾ പറയുന്നു. കംബോഡിയ അതിർത്തിയായ പോയ് പറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നിരവധി കമ്പനികളുണ്ടെന്നും അവിടങ്ങളിൽ മലയാളികൾ അടക്കമുള്ളവർ ജോലി ചെയ്യുന്നുണ്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.