പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
വടകര: പുത്തൂരില്‍ റിട്ട. പോസ്റ്റ്‌മാൻ പാറേമ്മൽ രവീന്ദ്രനെയും മകനെയും വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് പുത്തൂർ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാത്തതിൽ യോഗം പ്രതിഷേധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് മൂന്നംഗ സംഘം വീട്ടിൽ കയറി രവീന്ദ്രനെ അക്രമിച്ചത്. അക്രമം തടയാനെത്തിയ മകനും പരിക്കേറ്റിരുന്നു.
തുടര്‍ന്ന് രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൻ ആകാശിനെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച രണ്ടുപേരും മുഖത്ത് കറുപ്പ് ചായം തേച്ച ഒരാളുമാണ് തന്നെ അക്രമിച്ചതെന്ന് രവീന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്ന് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വൈദ്യുതി വകുപ്പിന്റെ ബംഗ്ലാവിന് മുന്‍വശത്ത് സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും അക്രമണത്തിനിരയായ പാറമ്മേല്‍ രവീന്ദ്രന്റെ വീടിന് മുന്‍വശത്തുള്ള രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുമാണ് പോലീസ് ശേഖരിച്ചത്.
പ്രതികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ഇതില്‍ നിന്നും ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. എം.ഇ സുനീഷ്, അരവിന്ദൻ, കെ. ദിവാകരൻ, മോഹനകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Description: The incident where retired postman was assaulted in Puthur; Congress should arrest the accused immediately