സുഹൃത്ത് നൽകിയ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായെന്ന സംഭവം; ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു
വടകര: സുഹൃത്ത് ബീഫിൽ എലിവിഷം ചേർത്ത് നൽകിയെന്ന് യുവാവ് പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു. . വൈക്കിലിശ്ശേരി കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ആണ് എലിവിഷം ചേർത്ത ബീഫ് കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. നിധിഷിന്റെ ആന്തരികാവയവങ്ങളിലുള്ള ഭക്ഷണാവശിഷ്ടമാണ് പരിശോധനക്കായി അയച്ചത്.
നിധീഷിന്റെ പരാതിയിൽ വൈക്കിലിശ്ശേരി സ്വദേശി മഹേഷിനെതിരെ (45) വടകര പൊലീസ് കേസെടുത്തിരുന്നു. ഇയാൾ ഇന്നലെ സ്റ്റേഷനിൽ ഹാജരായി.മൊഴി രേഖപ്പെടുത്തിയ ശേഷം മഹേഷിനെ പോലിസ് വിട്ടയച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സുഹൃത്തുക്കളായ ഇരുവരും ചേർന്ന് മദ്യപിക്കുകയും ഇതിനിടെ മഹേഷ് എലിവിഷം ചേർത്ത ബീഫ് നൽകുകയായിരുന്നെന്നും മഹേഷ് നിധീഷിനോട് ഇത്പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി ഭക്ഷിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഭക്ഷണാവശിഷ്ടങ്ങളുടെ പരിശോധനഫലം കൂടി ലഭിച്ചാലെ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലിസ് പറഞ്ഞു.