കരിമ്പനപ്പാലത്ത് കാരവാനിനകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു
വടകര: വടകര കരിമ്പനപ്പാലത്ത് കാരവാനിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത് വീട്ടിൽ മനോജ് കുമാർ , കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരാണ് മരിച്ചത്. നാല് മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്കൊടുവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്.
യുവാക്കൾ മരിച്ചത് എസി ഗ്യാസ് ചോർച്ച കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ. എസിയിൽ നിന്നോ കാരവാനിൽ ഘടിപ്പിച്ച ജനറേറ്ററിൽ നിന്നോ വിഷവാതകം വന്നതാകാം മരണകാരണം എന്നാണ് പൊലീസ് നിഗമനം. സംശയിക്കാവുന്ന മറ്റ് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. അപകട കാരണം കണ്ടെത്താൻ പൊലീസും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗവും വാഹന നിർമാതാക്കളും ചേർന്ന് വാഹന പരിശോധന നടത്തും.

തലശ്ശേരിയിൽ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു ഇവർ. ഞായറാഴ്ച രാത്രി തന്നെ കരിമ്പനപ്പാലത്തെ റോഡരികിൽ കാരവാൻ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകീട്ട് സമീപവാസിക്ക് വന്ന ഫോൺ കോൾ വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.