നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ച സംഭവം; രണ്ട് യുവാക്കള്‍ കൂടി പോലീസിന്റെ പിടിയില്‍
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. വയനാട് നിരവില്‍പുഴ സ്വദേശി റഹീസ്(27), കുരുടിമുക്ക് കാരയാട് സ്വദേശി വിഷ്ണു(27) എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ മുഖ്യ സൂത്രധാരനായ കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് (47) നേരത്തെ പിടിയിലായിരുന്നു. 2024 സെപ്റ്റംബര്‍ 12ന് രാത്രി ഏഴുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടുവണ്ണൂരില്‍ നിന്നും ഓട്ടം വിളിച്ചതുപ്രകാരം അരിക്കുളം തറമ്മല്‍ അങ്ങാടി മൂലക്കല്‍ താഴെ യാത്രക്കാരനുമായെത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ മിഥുന്‍. ആളെ ഇറക്കി തിരിച്ചുപോകാന്‍ നേരം വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം മിഥുനെ ആക്രമിക്കുകയായിരുന്നു. കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഓട്ടോയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു.
ഷാനവാസിനെതിരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി വഞ്ചന കേസുകള്‍ നിലവിലുണ്ട്. നടവണ്ണൂരിലെ സോമസുന്ദരന്‍ എന്നയാളില്‍ നിന്നും 55ലക്ഷം രൂപ പണം തിരികെ കിട്ടാനായി മിഥുനുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. ഇതിനായി ഷാനവാസിന്റെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.
Summary: The incident of assaulting an auto driver in Naduvannur; Two more youths were arrested