കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവും മകനും പൊള്ളലേറ്റ് ചികിത്സയില്‍


കോട്ടയം: മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എഴുപതുകാരിയായ രാജം ആണ് മരിച്ചത്. രക്ഷപ്പെടാന്‍ മുകള്‍ നിലയില്‍ നിന്ന് ചാടിയ ഭര്‍ത്താവും മകനും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് അര്‍ധരാത്രിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. വീടിന്റെ താഴത്തെ നിലയിലായിരുന്നു തീപിടിച്ചത്. ചെറിയ വഴി ആയതിനാല്‍ രക്ഷ പ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് എത്താനായില്ല.

വീടിന്റെ മുകളിലത്തെ നിലയില്‍ ഉണ്ടായ മകന്റെ ഭാര്യയും കുഞ്ഞും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. മണിമല പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. ഈ സമയം നാട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരി രക്ഷാപ്രവര്‍ത്തനം നടത്തി. കിണറിന്റെ മോട്ടര്‍ ഉള്‍പ്പെടെ കത്തിപ്പോയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. താഴത്തെ നില പൂര്‍ണമായും നശിച്ചു. വീടു മുഴുവന്‍ കനത്ത പുകയായിരുന്നു.

ഇരുമ്പു ജനാലകളായതിനാല്‍ വീടിനുള്ളിലേക്കു കടക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. ഇതിനിടെയാണ് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകള്‍നിലയില്‍ നിന്ന് താഴേക്കു ചാടിയത്. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.