എ‍ഡിഎം നവീൻ ബാബുവിൻറെ മരണം; കേസ് ഡയറി ഹാജരാക്കാൻ പോലിസിന് ഹൈക്കോടതിയുടെ നിർദ്ദേശം, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹരജി ഫയലിൽ സ്വീകരിച്ചു


കൊച്ചി: എ‍ഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദേശം. എ‍ഡിഎമ്മിൻറേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിൻറെ കുടുംബം കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു. ഹർജി വിശദ വാദത്തിനായി അടുത്ത മാസം ആറിലേക്ക് മാറ്റി.

പ്രതിയായ പിപി ദിവ്യ സിപിഎമ്മിൻറെ ജില്ലാ കമ്മിറ്റി അംഗമാണ്. രാഷ്ടീയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ട് കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ് ഐ ടി എന്നത് പേരിന് മാത്രമാണ്. തെളിവുകൾ ശേഖരിക്കാൻ അവർക്ക് താൽപര്യമില്ല. പ്രതിയുമായി ചേർന്ന് രക്ഷപെടാനുളള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കോടതിയനുവദിക്കരുതെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ചോദിച്ചു.

സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിൻറെ കുടുംബത്തിൻറെ അഭിഭാഷകൻ അറിയിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയും ഹാജരാക്കണം.