മാധ്യമപ്രവര്‍ത്തകനും ചെറുവണ്ണൂര്‍ സ്വദേശിയുമായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: മാധ്യമ പ്രവര്‍ത്തകനും ചെറുവണ്ണൂര്‍ സ്വദേശിയുമായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് നരഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
നരഹത്യാകുറ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വസ്തുതകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമികമായി അറിയിച്ചത്. കേരളത്തില്‍ ചര്‍ച്ചാവിഷയമായ കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യയെന്നതിന് തെളിവുകളുണ്ട്. ശ്രീറാം ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍കോടതിയില്‍ അറിയിച്ചു.
കേസ് പരിഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.സര്‍ക്കാര്‍ ഹര്‍ജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടര്‍നടപടി. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവര്‍ എതിര്‍കക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കും അവരുടെ ഭാ?ഗം അറിയിക്കാം. നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കില്‍ നരഹത്യക്കുറ്റവും കൂടി ചേര്‍ത്താകും വിചാരണ നടക്കുക.