പതിനാറുകാരിക്ക് ​ഗർഭഛിദ്രത്തിന് അനുമതിയില്ല; താല്പര്യമെങ്കിൽ കുട്ടിയെ ദത്തുനൽകാമെന്ന് ഹൈക്കോടതി


കൊച്ചി: 16 വയസ്സുകാരിക്കു ഗർഭഛിദ്രത്തിന് അനുമതിയില്ല. ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനൽകാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽ‍പര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു.

കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ ഈ മാസം 22ന് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ ഗർഭസ്ഥശിശുവിന് 26 ആഴ്ചയും 5 ദിവസവും ആയിരുന്നു പ്രായം. പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗർഭം വേണോ എന്നു തീരുമാനിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഗർഭഛിദ്രം നടത്തുകയാണെങ്കിൽ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽ‍കിയത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം നടത്താനുള്ള അനുമതി. പ്രത്യേക സാഹചര്യങ്ങളിൽ വിദഗ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താം എന്നാണ് നിയമം. സ്ത്രീയുടെ ശരീരത്തിന്മേൽ അവർക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗർഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് കോടതി വിധി ന്യായത്തിൽ ആരാഞ്ഞു.

കാരണം, ഗർഭസ്ഥ ശിശു 26 ആഴ്ച പിന്നിട്ടിരിക്കുന്നു എന്നതും ജീവനോടെയേ പുറത്തെടുക്കാനെ സാധിക്കൂ എന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നില്ല. ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ പ്രസവം ശാരീരികവും മാനസികവുമായി ബാധിക്കുമെന്നു ബോർഡ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡ് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തുടർന്നാണു പ്രസവശേഷം കുട്ടിയെ ദത്തുനൽകാൻ അതിജീവിതയും മാതാപിതാക്കളും താൽപര്യപ്പെടുന്നു എങ്കിൽ സർക്കാർ അതിനുള്ള സൗകര്യം ചെയ്യണമെന്നു കോടതി നിർദേശിച്ചത്.