നാദാപുരത്ത് തീയതി രേഖപ്പെടുത്താതെയുള്ള സിപ്പപ്പ് വില്‍പ്പന തടഞ്ഞു; വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3000 രൂപ പിഴ ഈടാക്കി


നാദാപുരം: ഉത്പാദനത്തീയതി രേഖപ്പെടുത്താതെയുള്ള സിപ്പപ്പ് വില്‍പ്പന ആരോഗ്യവകുപ്പ് തടഞ്ഞു. ചേലക്കാട് ഇ.വി ബേക്കറിയില്‍ ഫ്രീസറില്‍ വിപണനത്തിന് സൂക്ഷിച്ച ഉത്പാദനത്തീയതി രേഖപ്പെടുത്താത്ത അഞ്ചുബോക്‌സ് സിപ്പപ്പാണ് പിടിച്ചെടുത്തത്.

നാദാപുരത്തെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3000 രൂപ പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയും അലക്ഷ്യമായി കൈകാര്യംചെയ്യുകയും ചെയ്ത വിവിധ സ്ഥാപനങ്ങളുടെപേരില്‍ നടപടി ശക്തമാക്കി.

എടപ്പാള്‍ മാമിയ കമ്പനിയുടെപേരില്‍ നിയമനടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷ അധികൃതര്‍ക്ക് കത്തുനല്‍കി. ചേലക്കാട് കുളിര്‍മ കൂള്‍ബാര്‍ പരിസരത്ത് പ്ലാസ്റ്റിക് കത്തിച്ചതിനെതിരെ നോട്ടീസ് നല്‍കി. മുമ്പ് കത്തിച്ചതിന്റെ അവശിഷ്ടവും കടയുടെ പരിസരത്തുണ്ട്. ചേലക്കാട് ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായ നിലയിലും പ്രവര്‍ത്തിച്ച കാര്‍ റിപ്പയര്‍ഷോപ്പ് പൂട്ടാന്‍ നോട്ടീസ് നല്‍കി.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വാഹന സ്പ്രേ പെയിന്റിങ് കട അനുമതി കിട്ടുന്നതുവരെ നിര്‍ത്താന്‍ നോട്ടീസ് നല്‍കി. കുറ്റിപ്പുറം മാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ പരിസരത്ത് വൃത്തിഹീനമായരീതിയില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ടത് വൃത്തിയാക്കാനും ചേലക്കാട് ഫില്ലറ്റ് കഫെ എന്ന സ്ഥാപനം അനധികൃതമായി കൂട്ടിയെടുത്ത ഷവര്‍മ ഉണ്ടാക്കുന്ന സ്ഥലം നീക്കംചെയ്യുന്നതിനും നോട്ടീസ് നല്‍കി.

ചേലക്കാട് ടൗണില്‍ നടപ്പാതയില്‍ വില്‍പ്പനസാധനങ്ങള്‍ വെച്ചതിന് മര്‍വ സ്റ്റോര്‍ എന്ന സ്ഥാപനത്തിനും നോട്ടീസ് നല്‍കി.

പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ നേതൃത്വംനല്‍കി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധനയും മലിനജലം പുറത്തേക്കൊഴുക്കുന്നത് കണ്ടുപിടിക്കുന്നതിനുമാണ് പരിശോധന നടത്തിയത്.

summary: the health department has stopped the sip-up without recording the date of manufacture in Nadapuram