സ്ത്രീകളിലെ രക്തസംബന്ധ രോഗങ്ങൾക്ക് ചികിത്സാ മാർഗരേഖ തയാറാക്കി ആരോഗ്യ വകുപ്പ്; രാജ്യത്ത് ആദ്യം


തിരുവനന്തപുരം: പെൺകുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങൾക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാർഗരേഖ തയാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കൽ കമ്മിറ്റിയാണ് മാർഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവർത്തകർക്ക് ഇത് സംബന്ധിച്ച് പരിശീലനം നൽകുന്നതാണ്. ഇതിലൂടെ അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏകീകൃതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഹീമോഫീലിയ രോഗപരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു. നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്.

കഴിഞ്ഞ വർഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നൽകിയത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഈ പദ്ധതിയിലൂടെയാണ് നൽകിവരുന്നത്. ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗങ്ങൾ ബാധിച്ചവരെ ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Description: The Health Department has prepared treatment guidelines for blood-related diseases in women;