ഛർദിയും ശാരീരിക അസ്വസ്ഥതകളും; നരിപ്പറ്റ കുമ്പളച്ചോലയില്‍ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്, വിവാഹം പോലുള്ള ചടങ്ങുകള്‍ മുന്‍കൂട്ടി അറിയിക്കാനും നിര്‍ദേശം
നരിപ്പറ്റ: പഞ്ചായത്തിലെ കുമ്പളച്ചോലയിൽ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഏതാനും പേർ ഛർദിയും മറ്റു ശാരീരിക അസ്വസ്ഥതകളും കാരണം ചികിത്സ തേടിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ എം.എ അറിയിച്ചു. ആരോഗ്യപ്രവർത്തകരും ആശ വർക്കർമാരും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി രോഗബാധിതരെ കണ്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
പഞ്ചായത്ത് പരിധിയിൽ മേളകൾ, വിവാഹം, ഗൃഹപ്രവേശം മരണാനന്തര ചടങ്ങുകൾ തുടങ്ങിയ ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങുകൾ നടത്തുമ്പോൾ മുൻകൂട്ടി ആരോഗ്യവകുപ്പിൽ അറിയിക്കേണ്ടതും കൃത്യമായി പാലിക്കേണ്ടതുമാണ്. ഉപയോഗിക്കുന്ന ജലം ക്ലോറിനേറ്റ് ചെയ്യാനും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനും നിർദേശങ്ങൾ നൽകി.
പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ഭക്ഷണ നിർമ്മാണ വിതരണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ഉപ്പും ചാരവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, സ്വാഗത പാനീയങ്ങൾ കഴിവതും ഒഴിവാക്കുക, തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർക്കാതിരിക്കുക, സദ്യ ഉണ്ണാൻ ഉപയോഗിക്കുന്ന വാഴ ഇലയുടെ രണ്ട് വശങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തുക, ഹരിത പ്രോട്ടോകോൾ പാലിക്കുക, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Description: The health department has issued a warning in Naripatta Kumbalachola