മിഠായികളുടെ വർണ്ണക്കടലാസുകൾ കൊണ്ട് നേടിയത് ഗിന്നസ് റെക്കോർഡിന്റെ മധുരം; സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി
കോഴിക്കോട് : വർണക്കടലാസുകളിൽ മൊസൈക്ക് ചിത്രം തീർത്ത് ശ്രദ്ധേയനായിരിക്കുന്ന സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. മൊസൈക്ക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ആണിത്.
ആൾ ഗിന്നസ് റെക്കോർഡ്‌സ് ഹോൾഡേഴ്സ് (ആഗ്രഹ്) ന്റേ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സുധീഷ് പയ്യോളിക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 67 വർഷം പിന്നിടുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്ന് ഗിന്നസ് നേട്ടം കൈവരിക്കുന്ന അൻപത്തെട്ടാമത്തെ വ്യക്തിയാണ് സുധീഷ് എന്ന് സത്താർ ആദൂർ പറഞ്ഞു.
6000 മിഠായികളുടെ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് 15.75 ചതുരശ്ര മീറ്ററിൽ മൊസൈക്ക് ചിത്രം നിർമ്മിച്ചതിന് ലാർജ്സ്റ് കാൻഡി /സ്വീറ്റ് റാപ്പർ മൊസൈക് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഹിപ്നോട്ടിസ്റ്റ് സുധീഷ് പയ്യോളിക്ക് ലഭിച്ചത്. 2022 ജൂലൈ 28ന് വൈകുന്നേരം 3. 17 ന് ആരംഭിച് 29 ന് പുലർച്ചെ 1 .30 വരെ, 10 മണിക്കൂറും 17 മിനിറ്റും എടുത്താണ് അക്വാറിയത്തിലെ സ്വർണ്ണമത്സ്യത്തിന്റെ മൊസൈക് ചിത്രം സുധീഷ് പൂർത്തീകരിച്ചത്.
2021ൽ കോവിഡ് വിഷയമായുള്ള പെയിന്റിങ്ങും, ഏറ്റവും കൂടുതൽ (86) ഇനം കുരുമുളക് ചെടികളുടെ ശേഖരണവും നടത്തി യു ആർ എഫ് റെക്കോർഡ് നേട്ടവും ഇദ്ദേഹം കൈവരിച്ചിട്ടുണ്ട്. ന്യൂ മാഹി എം എം ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ സുധീഷ്
പയ്യോളി പുളിക്കുമഠത്തിൽ പി എം നാരായണൻ ശാരദ ദമ്പതികളുടെ മകനാണ്. ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ ശ്രീജിഷയാണ് ഭാര്യ. മക്കൾ ഋതുനന്ദ്, തേജ്വൽ.
ആഗ്രഹിന്റെ സംസ്ഥാന ഭാരവാഹികളായ ഗിന്നസ് റെനീഷ്, ഗിന്നസ് അശ്വിൻ വാഴുവേലിൽ എന്നിവരും നന്മ ജില്ല കമ്മിറ്റി അംഗം പ്രശോഭ് മേലടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.