ചക്കിട്ടപ്പാറയിലെയും കൂരാച്ചുണ്ടിലെയും ഭൂരിപക്ഷം ജനവാസ മേഖലകളും പുറത്ത്; കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബഫര്‍ സോണ്‍മാപ്പ് പുറത്തുവിട്ടു


തിരുവനന്തപുരം: ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ചക്കിട്ടപ്പാറയിലെയും കൂരാച്ചുണ്ടിലെയും ഭൂരിപക്ഷം ജനവാസ മേഖലകളും ബഫര്‍ സോണിന് പുറത്തുവരുന്നതായാണ് വ്യക്തമാവുന്നത്.

22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പുറത്ത് വിട്ടത്. ഭൂപടത്തില്‍ ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മാപ്പ് ഇന്ന് വനം വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ ജനകമായ വിവരങ്ങള്‍ എത്തിച്ച് ആശങ്ക പരത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളേയും ജീവനോപാദികളേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല. എല്ലാ കെട്ടിടങ്ങളേയും ചേര്‍ത്ത് ആണ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.

ബഫര്‍ സോണ്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട. കെട്ടിടങ്ങള്‍ ഫീല്‍ഡ് സര്‍വേ വഴി കണ്ടെത്തും. ഉപഗ്രഹ സര്‍വേയിലെ പരാതികള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ പരിശീലനം തീരുന്ന മുറക്ക് സര്‍വേ തുടങ്ങാനാണ് ഇന്ന് ധന-റവന്യൂവനം മന്ത്രിമാര്‍ വിളിച്ച പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിലെ തീരുമാനം. ഈ ഫീല്‍ഡ് സര്‍വ്വെ റിപ്പോര്‍ട്ട് കൂടി സുപ്രീം കോടതിയില്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമെന്നും അറിയിച്ചു.

summary: the govt has published the zero buffer zone report, excluding residential areas from the buffer zone