കുറ്റ്യാടി ബൈപ്പാസ് നിര്‍മ്മാണത്തിന് പച്ചക്കൊടി; വിദഗ്ധസമിതി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം


കുറ്റ്യാടി: നിര്‍ദിഷ്ട കുറ്റ്യാടി ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി പരിശോധിച്ച് സമര്‍പ്പിച്ച സാമൂഹ്യാഘാതപഠനം അംഗീകരിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ അംഗീകാരം.

വിദഗ്ധസമിതിയുടെ ശുപാര്‍ശ, സാമൂഹ്യാഘാതപഠന റിപ്പോര്‍ട്ട്, കളക്ടറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി ബൈപ്പാസ് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ കുറ്റ്യാടി വില്ലേജിലെ 215 ആര്‍ ഭൂമിയില്‍, 2013-ലെ എല്‍.എ.ആര്‍.ആര്‍. നിയമപ്രകാരം ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് അനുമതി നല്‍കി ഉത്തരവായത്.

സാമൂഹ്യാഘാതപഠനത്തിന്റെ ഭാഗമായി ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിങ് നടത്തുകയും തുടര്‍ന്ന് എല്‍.എ.ആര്‍.ആര്‍. നിയമത്തിലെ സെക്ഷന്‍ ഏഴുപ്രകാരം സാമൂഹ്യാഘാതപഠനം വിലയിരുത്തുന്നതിനായി കളക്ടര്‍ വിദഗ്ധസമിതി രൂപവത്കരിക്കുകയായിരുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചതിനുശേഷമാണ് ഭൂമിേയറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയത്.