‘നല്ലകാലം’ കഴിഞ്ഞു, ചോമ്പാലയിൽ മത്തി വില ഇടിഞ്ഞു; മത്തി ഇനി പഴയതുപോലെ സാധാരണക്കാരന്റെ അടുക്കളയിലേക്ക്
വടകര: ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല്’ എന്ന് പറയാറില്ലേ. ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ ചൊല്ല് ചെമ്മീനേക്കാൾ ചേരുന്നത് മത്തിക്കാണ്. ചാടിച്ചാടിപ്പോയ മത്തിയുടെ വില ഇപ്പോൾ പഴയപടിയായിരിക്കുകയാണ്. 400 രൂപയിലധികം ഉയർന്ന മത്തി വില ചോമ്പാലയിലും സമീപ പ്രദേശങ്ങളിലുമുള്ള വിപണികളിൽ ഇപ്പോൾ കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്.
ഇന്നലെ ചോമ്പാലയിൽ നിന്ന് ഒരു കിലോ മത്തി വിൽപന നടത്തിയത് 100 രൂപയ്ക്കാണ്. ഇതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം മത്തി പ്രേമികളായ സാധാരണക്കാരന്റെ അടുക്കളയിൽ മത്തിക്കറിയും, മത്തിവറുത്തതുമൊക്കെ സജീവമായിക്കഴിഞ്ഞു.ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയിൽ ഉണ്ടായ വർധനയാണ് ഇപ്പോൾ വില കുറയാൻ കാരണമായത്. ഇതോടെ മത്തി ആരാധകരുടെ ഏറെ നാളായുള്ള സങ്കടമാണ് അവസാനിച്ചിരിക്കുന്നത്.
പോഷകാഹാരമാണ് മത്തി. പ്രോട്ടീനിന്റെയും ആരോഗ്യകരമായ പോഷകങ്ങളുടെയും മികച്ച ഉറവിടം. ഹൃദയാരോഗ്യത്തിന് നല്ലതായ ഒമേഗ-മൂന്ന് ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. വൈറ്റമിൻ എ, ഇ, കെ, ഡി, ബി-1, ബി-2, ബി-6, ബി-12, ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, നിയാസിൻ, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം, കാൽസ്യം എന്നിവയുടെയും നല്ല ഉറവിടമാണ് മത്തി.
100 ഗ്രാം മത്തിയിൽ 24. 6 ഗ്രാം പ്രോട്ടീനും 11.4 ഗ്രാം കൊഴുപ്പും ലഭിക്കും. 208 കലോറി ഊർജവും. കൊഴുപ്പിന്റെ 95 ശതമാനവും അപൂരിത കൊഴുപ്പാണെന്നത് മറ്റൊരു ഗുണം.