നാടിന് മാതൃകയായി ജനപ്രതിനിധി; ആയഞ്ചേരി ഫെസ്റ്റിനിടെ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി പുറമേരി പഞ്ചായത്തംഗം
ആയഞ്ചേരി: ആയഞ്ചേരി ഫെസ്റ്റിനിടെ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി പുറമേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ എൻ ടി രാജേഷ്. ഇന്നലെ രാത്രിയാണ് രാജേഷിന് ഫെസ്റ്റിനിടെ മുക്കാൽ പവൻ വരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയത്. ഉടൻ ഫെസ്റ്റിലെ എയിഡ് പോസ്റ്റിലെ പോലിസ് ഉദ്യോഗസ്ഥനെ മാല ഏൽപ്പിച്ചു. തുടർന്ന് പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പുകളിൽ മാല കളഞ്ഞുകിട്ടിയതായി ഷെയർ ചെയ്തു.
ഇന്ന് രാവിലെ മാല അന്വേഷിച്ച് നരിപ്പറ്റ സ്വദേശിനി മജിന്യ എയിഡ് പോസ്റ്റിലെത്തി. തുടർന്ന് പോലിസ് ഉദ്യോഗസ്ഥൻ മാല മജിന്യയുടേതാണെന്ന് ഉറപ്പിച്ച ശേഷം തന്നെ ഫോണിൽ വിളിച്ചറിയിച്ചെന്ന് രാജേഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മാല മജിന്യയെ രാജേഷ് നേരിട്ടേൽപ്പിച്ചു. പോലീസ് ഓഫീസർ സജീർ, ആയഞ്ചേരി ടൗണിലെ പോർട്ടർ കുഞ്ഞിരാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മാല തിരിച്ചു നൽകിയത്.