ഏവര്‍ക്കും പ്രിയങ്കരന്‍, എസ്.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും; അമല്‍ കൃഷ്ണയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരിച്ച അമല്‍ കൃഷ്ണ (17)യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍. ഏവര്‍ക്കും പ്രിയങ്കരനായ അമലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമല്‍ കൃഷ്ണ എസ്.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്.

അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകനാണ് അമല്‍ കൃഷ്ണ.