ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ്; പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ
നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ. അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പി.വി. അൻവർ എം.എൽ.എ. ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസെടുത്തത്.
പി.വി. അൻവർ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിലാണ് പോലീസിന്റെ നടപടി.
മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കസ്റ്റഡിയിൽ എടുത്തതായി പോലിസ് അറിയിക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ ശേഷം പോലീസ് അൻവറിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയി. അൻവറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വൻ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.