പെരുവണ്ണാമൂഴിയിലെ ചെള്ളുശല്യം; ജീവിയെ തിരിച്ചറിയുന്നതിനായി വിദഗ്ധപരിശോധന ആരംഭിച്ചു


പേരാമ്പ്ര: പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ജീവനക്കാര്‍ ചെള്ള് കടിയേറ്റ് ചികിത്സതേടിയ സംഭവത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തുന്നു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് സംഘമാണ് വിശദമായ പരിശോധന നടത്തുന്നത്. ജീവിയെ തിരിച്ചറിയാനുള്ള പരിശോധന നടത്തി ഡി.എം.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബിജു, അനുശ്രീ, രമ്യ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ചെള്ളുകളെ ശേഖരിച്ചു. കുറച്ചുകാലമായി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നഭാഗത്ത് ചെള്ളുകള്‍ കാണപ്പെടുന്നുണ്ടെന്നും വലിയ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടിട്ടില്ലെന്നുമാണ് ഗവേഷണകേന്ദ്രം അധികൃതര്‍ പറയുന്നത്.

ചെള്ള് കടിച്ചാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുകയും ശരീരവേദനയും പനിയുമൊക്കെ ഉണ്ടാകാറുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞദിവസം കര്‍ണാടക സ്വദേശിയായ ജീവനക്കാരന്‍ പെരുവണ്ണാമൂഴി പി.എച്ച്.സി.യില്‍ ചികിത്സ തേടിയപ്പോഴാണ് ആരോഗ്യ വിഭാഗം വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന് വിവരം കൈമാറിയത്. നേരത്തെയും ചിലര്‍ ഇതേ പ്രശ്നങ്ങളുമായി ചികിത്സ തേടിയിരുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീനാ ബായി, ജെ.എച്ച്.ഐ.മാരായ ഉണ്ണികൃഷ്ണന്‍, നവ്യ എന്നിവര്‍ സുഗന്ധവിളകേന്ദ്രത്തിലെത്തി മുന്‍കരുതല്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. 94.08 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് കേന്ദ്രം. തൊഴിലാളികളടക്കം 60-ഓളംപേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.