മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി, ബസില്‍ വേറെയും നിയമലംഘനം


വടകര: മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി സര്‍ക്കാര്‍. ബസില്‍ 47 ലൈറ്റുകള്‍ അനധികൃതമായി കണ്ടെത്തിയെന്നും ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതായും വിശദീകരിച്ചു.

നടപടികള്‍ വിശദീകരിക്കാന്‍ വടകര ആര്‍ടിഒയും കൊയിലാണ്ടി ജോ.ആര്‍ടിഒയും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. റോഡുകളുടെ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും ഉള്‍പ്പെട്ട ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.

ജൂലൈ 8നാണ്‌ ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന 3 വിദ്യാർത്ഥിനികളെ ബസ് ഇടിച്ച് തെറിപ്പിച്ചത്. കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് തൊട്ടുപിന്നാലെ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.