വോളിബോൾ ആരവങ്ങൾക്ക് കാതോർത്ത് ഒരു നാട്; കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും
കുന്നുമ്മൽ: വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി 2025 ജനുവരി മാസം പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. 1 കോടി രൂപാ ചെലവിലാണ് ഒന്നാംഘട്ട പ്രവൃത്തി. പ്രവർത്തിയുടെ ഭാഗമായി കാടുവെട്ടി തെളിക്കലും, ഗ്രൗണ്ട് ലെവലിംഗ് പ്രവർത്തിയും പൂർത്തിയാക്കിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. വോളിബോൾ അക്കാദമിയുടെ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒരു കോടി രൂപയുടെ പ്രവൃത്തിയിൽ മഡ് കോർട്ട് ,ഫെൻസിങ് വാൾ, കോമ്പൗണ്ട് വാൾ, മുൻവശത്തെ ഗേറ്റ് എന്നിവയുടെ നിർമ്മാണം, ഗ്രൗണ്ട് ഡെവലപ്മെൻറ് പ്രവർത്തി, വോളിബോൾ കോർട്ടിലെ ഫ്ലഡ് ലൈറ്റിങ് ,ഇലക്ട്രിക്കൽ പ്രവർത്തി എന്നിവയും ഉൾപ്പെടുന്നുണ്ട് എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. കുന്നുമ്മൽ വോളിബോൾ അക്കാദമിയിലെ ഭാഗമായി ഹോസ്റ്റൽ നിർമ്മാണത്തിനായി 2024 -25 വർഷം 2 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ഒന്നാംഘട്ട പ്രവർത്തി പൂർത്തിയാകുന്നതോടെ 2 കോടി രൂപയുടെ പ്രവർത്തിയും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ വളരെ കാലമായി പ്രയാസം അനുഭവിക്കുന്ന കുന്നുമ്മൽ വോളിബോൾ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാകും.