കരിമ്പനപ്പാലത്തെ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം; അ​ഗ്നിരക്ഷാസേന തീ അണച്ചത് ഒരുമണിക്കൂർ ശ്രമത്തിനൊടുവിൽ, വിവരം ആദ്യം അറിയിച്ചത് കടയ്ക്ക് സമീപത്തെ വീട്ടുകാരൻ


വടകര: കരിമ്പനപ്പാലത്തെ ബി ടു ഹോംസ് പ്ലൈവുഡ് കടയിലെ തീ പൂർണമായും അണച്ചത് ഒരു മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ. മൂന്ന് നില കെട്ടിടത്തിലെ ​ഗ്രൗണ്ട് ഫ്ലോറിലാണ് തീപ്പിടിത്തം ഉണ്ടായത്. വില്ല്യാപ്പള്ളി സ്വദേശി നൗഷാദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്ന് രാവിലെ 6.35 ഓടെയാണ് സംഭവം.

സമീപത്തെ വീട്ടുകാരൻ എ സി മോഹനാണ് കടയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചത്. ഉടൻ വടകരയിൽ നിന്നും അ​ഗ്നി രക്ഷാ സേനയെത്തി. കടയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. ലോക്കുകൾ കട്ടർ ഉപയോ​ഗിച്ച് മുറിച്ച ശേഷമാണ് ഷട്ടർ ഉയർത്തി സേന കടയ്ക്കുള്ളിൽ കയറിയത്. അപ്പേഴേക്കും ​ഗ്രൗണ്ട് ഫ്ലോറിൽ തീ വ്യാപിച്ചിരുന്നു. വടകരയിൽ നിന്ന് മൂന്നും കൊയിലാണ്ടി നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മുകൾ നിലയിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ തീ പൂർണമായും അണച്ചു. ​ഗ്രൗണ്ട് ഫ്ലോറിലെ പ്ലൈവുഡ്, ഓഫീസ് ഫർണിച്ചർ, ഇന്റീരിയർ , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ പൂർണമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

സ്റ്റേഷൻ ഓഫീസർ വർ​ഗീസ് പി ഒ, അസി. സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ലിജു എ, റാഷിദ് എം ടി, അമൽ രാജ്, ജിതിൻ ടികെ, സന്തോഷ് കെ, അർജുൻ, റഷീദ്, സി ഹരിഹരൻ, ഷാജി എം ടി എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്.