ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനോട് ചേര്‍ന്ന വയല്‍പ്രദേശം മണ്ണിട്ട് നികത്തുന്നു; ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആശങ്ക
പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വെ ട്രാക്കിനോട് ചേര്‍ന്ന വയല്‍പ്രദേശം മണ്ണിട്ട് നികത്തുന്നു. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങല്‍ വില്ലേജ് ഓഫീസിനടുത്തുള്ള മഞ്ഞവയലാണ് നികത്തുന്നത്. മഴക്കാലത്ത് വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥലമാണ് ലോഡ് കണക്കിന് മണ്ണിറക്കി നികത്തി കൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഒന്നര മീറ്ററിലധികം ഉയരത്തിലാണ് മണ്ണിറക്കി നികത്തി ഉയര്‍ത്തിയെടുക്കുന്നത്. ഇവിടം മണ്ണിട്ട് നികത്തുന്നതോടെ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കയറുകയും പറമ്പും വീടും കുടിവെള്ള സ്രോതസ്സുകളും ഒഴുകിയെത്തുന്ന വെള്ളക്കെട്ടിനടിയിലാകും. ഇതോടെ കുടിവെള്ള സ്രോതസ്സ് മലിനമാവുകയും വീടുകളില്‍ വെള്ളം കയറി നിരവധി കുടുംബങ്ങള്‍ പ്രദേശത്തുനിന്നും വിട്ടുപോകേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും പാരിസ്ഥിതിക ആഘാതത്തിന് വഴിയൊരുക്കാതെയുമുള്ള സംവിധാനം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ കാനത്തില്‍ ജമീല എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും റെയില്‍വേ അധികാരികളുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാവാത്ത തരത്തില്‍ വെള്ളം ഡ്രെയിനേജ് നിര്‍മ്മിച്ച് പുറത്തേക്ക് ഒഴുക്കിവിടാന്‍ സംവിധാനമുണ്ടാക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Description; The field area near Iringal railway station is being filled with soil