സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്; ഷമീറാണ് സ്വര്‍ണ്ണം തട്ടിയെടുത്തതെന്നും താന്‍ ഒളിവിലെന്നും വീഡിയോയില്‍ ഇര്‍ഷാദ്, വ്യാജ സന്ദേശമെന്ന് ഇര്‍ഷാദിന്റെ ഉപ്പ
കോഴിക്കോട്: പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. ഷമീറാണ് സ്വര്‍ണ്ണം തട്ടിയെടുത്തതെന്നും താന്‍ ഒളിവിലെന്നുമാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നത്. ഷെമീറിനോട് യഥാര്‍ത്ഥ സംഘത്തിന് സ്വര്‍ണ്ണം തിരികെ നല്‍കാനാവശ്യപ്പെട്ടിട്ടും നല്‍കിയില്ല. വയനാട്ടിലെ റൂമിലാണ് താന്‍ നിലവിലുള്ളതെന്നും ഇര്‍ഷാദിന്റെ വീഡിയോയിലുണ്ട്. എന്നാല്‍ പുറത്ത് വന്ന സന്ദേശം വ്യാജമാണെന്ന് ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ ശേഷം എടുത്ത വീഡിയോ ആവാം അതെന്നും പറഞ്ഞു. അതേസമയം ഇര്‍ഷാദിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത യാഹചര്യത്തില്‍ ഇര്‍ഷാദിന്റെ മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യ്തതായും അറിയിച്ചു.
ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇര്‍ഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി.
ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണ്ണം തിരികെ വേണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.
ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം കൈമാറിയില്ലെന്ന് കാട്ടി ചിലര്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ ശേഷം വിവിധ നമ്പറുകളില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംഘം കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഈ നമ്പറുകള്‍ കണ്ടെത്താനാണ് പൊലീസ് ശ്രമം. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ ഉള്‍പ്പെട്ട പലരും വിദേശത്തായതാണ് അന്വേഷണത്തില്‍ നേരിടുന്ന പ്രതിസന്ധി. പന്തിരിക്കരയില്‍ തന്നെയുള്ള ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
summery: the father said that the video message of gold smuggling group abducted from pandirikkara is fake