നേന്ത്രവാഴകളും തെങ്ങും കവുങ്ങും റബ്ബറുമെല്ലാം കുത്തിമറിച്ചിട്ടു; കാട്ടുപന്നിയെ പേടിച്ച് കൃഷി ഇറക്കാന്‍ പറ്റാതെ ഉള്ള്യേരി നാറാത്തെ കര്‍ഷകര്‍


ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് പത്താംവാര്‍ഡിലെ നാറാത്ത് പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. രാത്രിയില്‍ തൊടികളിലും വയലുകളിലുമെത്തി ഇവ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. പാലോറമലയുടെ കീഴ്ഭാഗത്തെ കുന്നില്‍ പ്രദേശത്തെ കാട്ടിലാണ് ഇവ താവളമാക്കുന്നത്.

നാറാത്ത് കവിങ്ങിന്‍ തൈകളും തെങ്ങിന്‍ തൈകളും കൂട്ടത്തോടെ നശിപ്പിച്ചു. സേതുമാധവന്‍ പുലരിയും സഹോദരങ്ങളുടെയും റബ്ബര്‍മരങ്ങള്‍ കുത്തിനശിപ്പിച്ച നിലയിലാണ്. ടാപ്പിങ് നടത്തുന്ന മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

പന്നിയെ ഭയന്ന് തൊഴിലാളികള്‍ പലരും ടാപ്പിങ്ങിന് വരാത്ത സ്ഥിതിയുമുണ്ട്. നേരത്തെ പുലര്‍ച്ചെ മൂന്നരമണിയോടെ തൊഴിലാളികള്‍ ടാപ്പിങ്ങിനെത്തുമായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഒരുദിവസം കാട്ടുപന്നിയെ കണ്ടതോടെ ഭയന്ന തൊഴിലാളികള്‍ ടാപ്പിങ്ങിന് വരാതായി.