നിപ ജീവനെടുത്ത പന്തിരിക്കരയിലെ സാലിഹിന്റെ വിദ്യാഭ്യാസ വായ്പയില്‍ ജപ്തി ഭീഷണി; സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് കുടുംബം


പേരാമ്പ്ര: നിപബാധിച്ച് മരിച്ച കുടുംബാഗംങ്ങളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും കരകയറുംമുന്‍പേ ജപ്തി ഭീഷണിയില്‍ വലഞ്ഞ് കുടുംബം. സൂപ്പിക്കടയിലെ മറിയത്തിന്റെ കുടുംബത്തിനാണ് ഇങ്ങനെ ഒരു വിഷമകരമായ അനുഭവമുണ്ടായിരിക്കുന്നത്. നിപകവര്‍ന്ന മകന്‍ സാലിഹിന്റെ വിദ്യാഭ്യാസ വായ്പ്പയുടെ കുടിശ്ശികയിലാണ് വീട് ജപ്തി ഭീഷണി നേരിടുന്നത്.

2011 ലാണ് സാലിഹ് ബെംഗളൂരുവില്‍ സിവില്‍ എഞ്ചിനിയറിങ് പഠനത്തിന് കേരള ഗ്രാമീണ ബാങ്ക് പന്തിരിക്കര ശാഖയില്‍ നിന്നും നാലുലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍ പലിശ സഹിതം 12,08,000 രൂപ അടക്കാനാണ് കേരള ഗ്രാമീണ്‍ ബാങ്ക് പന്തിരിക്കര ശാഖയില്‍നിന്ന് ഇപ്പോള്‍ നോട്ടീസ് വന്നത്. എന്നാല്‍ പ്രയമായ ഉമ്മ മറിയത്തിനും സഹോദരന്‍ മുഹമ്മദ് മുത്തലിബിനും ഇത്രവലിയ തുക തിരിച്ചടയ്ക്കാന്‍ സാധിയ്ക്കാത്ത അവസ്ഥയിലാണ്.

സ്വാലിഹ് എടുത്ത വിദ്യാഭ്യാസ വായ്പയുടെ കാര്യം നേരത്തെതന്നെ എം.എല്‍.എയുടെയും മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. സാലിഹിന്റെ വായ്പ എഴുതിത്തള്ളുമെന്നും മുത്തലിബന് സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കുമെന്നും എം.എല്‍.എയും മന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാക്കുകള്‍ പാലിക്കപ്പെട്ടില്ലെന്നും കുടുംബം പറയുന്നു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് കുടുംബത്തിന്‍ ആവശ്യം.

പന്തിരിക്കര സൂപ്പിക്കടയില്‍ 2018 മേയിലാണ് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. സൂപ്പിക്കട വളച്ചുകെട്ടിയില്‍ മൂസ മുസ്‌ലിയാര്‍, മക്കളായ സാബിത്ത്, സ്വാലിഹ്, മുസ്‌ലിയാരുടെ സഹോദരപത്‌നി മറിയം എന്നിവര്‍ വൈറസ് ബാധയേറ്റ് മരിച്ചു. സാബിത്തിനെ പരിചരിക്കുന്നതിനിടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയും ഈ വൈറസിന് കീഴടങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൊത്തം 18 പേരുടെ ജീവന്‍ മഹാവ്യാധിയില്‍ പൊലിഞ്ഞിരുന്നു.