വേളം നാരയണിനട തരിശുപാടം പൊൻകതിരണിഞ്ഞു; കൊയ്ത്തുൽസവം നാടിൻ്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ കർഷക കൂട്ടായ്മ
വേളം: വേളം പഞ്ചായത്തിലെ നാരയണി നട തരിശുപാടം പൊൻ കതിരണിഞ്ഞു. 100 ഏക്കർ പാടത്താണ് കർഷക കൂട്ടായ്മ കൃഷിയിറക്കി പൊന്ന് വിളയിച്ചത്. പൂവ്വാത്ത മല കുഞ്ഞമ്മദ് കൺവീനറും, ചന്ദനപ്പുറത്ത് ബാലൻ ചെയർമാനുമായ കർഷക കൂട്ടായ്മയാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. കൊയ്ത്തുൽസവം നാടിൻ്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കർഷകരും, കൂട്ടായ്മ പ്രവർത്തകരും.
വർഷങ്ങളായി തരിശായി കിടന്നിരുന്ന നൂറ് ഏക്കറോളം വരുന്ന നാരയണി നട പാടശേഖരം കതിരണിയക്കാൻ കർഷകർ മുന്നോട്ടു വന്നപ്പോൾ സർവ്വ പിന്തുണയുമായി ജനപ്രതിനിധികളും വിവിധ വകുപ്പുകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങി. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ ഗ്രാമ-ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, കൃഷി, റവന്യു, ഇറിഗേഷൻ വകുപ്പ് ഉന്നതോ ദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവരുടെ യോഗം ചേർന്നായിരുന്നു കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ജില്ലാ പഞ്ചായത്ത് കതിരണി പദ്ധതിയിലുൾപ്പെട്ടുത്തി ഒന്നരക്കോടി രൂപ വകയിരുത്തി ഇവിടെ തടയണ നിർമ്മാണവും തോട് നവീകരണവും ആരംഭിച്ചിട്ടുണ്ട്.