നടുവണ്ണൂര്‍ രാമന്‍പുഴയില്‍ ഇക്കോ ടൂറിസത്തിനും ഉള്‍നാടന്‍ മത്സ്യക്കൃഷിക്കും സാധ്യതയെന്ന് വിദഗ്ധസംഘം; പുഴ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനൊരുങ്ങി റീബില്‍ഡ് കേരളാ
നടുവണ്ണൂര്‍: ഹരിതാഭമായ തീരങ്ങളും സ്വച്ഛമായ ഒഴുക്കുമുള്ള രാമന്‍പുഴയില്‍ ഇക്കോ ടൂറിസത്തിനും ഉള്‍നാടന്‍ മത്സ്യക്കൃഷിക്കും സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം വിലയിരുത്തി. രാമന്‍പുഴയുടെ വികസനസാധ്യതകളും പുഴ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പഠിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ടി പുഴ സന്ദര്‍ശിച്ച റീബില്‍ഡ് കേരളാ വിദഗ്ധസംഘമാണ് സാധ്യതകള്‍ നിര്‍ദേശിച്ചത്.
സച്ചിന്‍ദേവ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് സംഘമെത്തിയത്. വയലട തോരാട് മലനിരകളില്‍നിന്നുതുടങ്ങുന്ന മഞ്ഞപുഴയുമായി ബാലുശ്ശേരി മുക്കില്‍നിന്നുവരുന്ന തോട് കോട്ടനടയില്‍വെച്ച് ഒന്നുചേര്‍ന്നാണ് ശക്തിപ്രാപിക്കുന്നത്. പനങ്ങാട്, ബാലുശ്ശേരി, കോട്ടൂര്‍, നടുവണ്ണൂര്‍, ഉള്ളിയേരി പഞ്ചായത്തുകളിലൂടെ 18.5 കിലോമീറ്ററോളമാണ് ഒഴുകുന്നത്.
ഇടിഞ്ഞകടവില്‍വെച്ച് രാമന്‍പുഴയായി മാറി കണയങ്കോട്ടെത്തുകയാണ്. ഇതിനിടയില്‍ ഒട്ടേറെ തോടുകള്‍ ചേര്‍ന്ന് വീതികൂടി ശക്തിപ്രാപിച്ച് നെല്യാടിപ്പുഴയും അകലാപ്പുഴയും ചേര്‍ന്ന് കോരപ്പുഴയായി മാറുന്നു.
ഒരുകാലത്ത് ഇടിഞ്ഞകടവില്‍നിന്ന് എലത്തൂര്‍വഴി തോണിയാത്രയും തെരുവത്തുകടവില്‍നിന്ന് കോരപ്പുഴയ്ക്ക് ബോട്ടുയാത്രയും ഉണ്ടായിരുന്നു. പുഴയില്‍ ബണ്ടുകള്‍ വന്നതോടെയാണ് തോണിയാത്ര മുടങ്ങിയത്.
summary: the expert group said that inland fish farming is also possible for Eco- tourism in raman river