തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തം; കാറുകൾക്ക് തീയിട്ട ജീവനക്കാരൻ അറസ്റ്റിൽ, കത്തിച്ചത് പണം തിരിമറിക്കാനെന്ന് വിചിത്ര മൊഴി


തലശ്ശേരി: തലശ്ശേരിയിലെ കാർ ഷോറൂമിൽ തീപിടിച്ച സംഭവത്തിൽ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ. വയനാട് തേറ്റമല സ്വദേശി സജീറാണ് അറസ്റ്റിലായത്.രണ്ട് വർഷമായി സ്ഥാപനത്തിലെ ഫീൽഡ് എക്സിക്യുട്ടീവാണ് സജീർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് തലശ്ശേരി പള്ളിത്താഴയിലെ ഇൻഡക്സ് ഗ്രൂപ്പിൻറെ കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകളാണ് കത്തിനശിച്ചത്.

നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തീപിടിച്ചതല്ല, കാറുകൾക്ക് തീയിട്ടതാണെന്ന് തെളിഞ്ഞത്.പുലർച്ചെ 3.40ന് ഒരാൾ വാഹനങ്ങൾക്ക് മുകളിൽ ദ്രാവകമൊഴിച്ച് തീയിടുന്നതിൻറെ അവ്യക്തമായ ദൃശ്യങ്ങളാണ് കിട്ടിയിരുന്നത്. തീയിട്ടതിൻറെ കാരണം വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു.

ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ പണം ഷോറൂമിൽ അടക്കാതെയും വ്യാജ രസീത് നൽകിയും ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തി. സംഭവത്തിൽ പരാതി വരുമെന്നായപ്പോൾ സ്ഥാപന മേധാവികളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി പുത്തൻ കാറുകൾ കത്തിക്കുകയായിരുന്നുവെന്ന് പ്രതി പോലിസിന് മൊഴി നൽകി.